കൊല്ലം: കൊല്ലം–പുനലൂർ–ചെങ്കോട്ട റെയിൽപാതയിൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് കൊല്ലം–ചെങ്കോട്ട പാസഞ്ചർ അല്ലെങ്കിൽ മെമു സർവീസ് അടിയന്തരമായി ആരംഭിക്കണമെന്ന് രാഷ്ട്രവാദി ജനതാ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ദിലീപ് പി. പിള്ള ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്കും കൊല്ലം ലോക്‌സഭാ എംപിക്കും അദ്ദേഹം കത്തയച്ചു.
ആര്യങ്കാവിൽനിന്ന് പുലർച്ചെ കൊല്ലത്തേക്ക് ട്രെയിൻ പോയിക്കഴിഞ്ഞാൽ പിന്നീട് ഏറെനേരത്തേക്ക് മറ്റൊരു സർവീസ് ലഭ്യമല്ല. അതുപോലെ പുനലൂരിൽനിന്ന് രാവിലെ 8.10-നുള്ള ട്രെയിൻ കൊല്ലത്തേക്ക് പോയിക്കഴിഞ്ഞാൽ അടുത്ത സർവീസ് വൈകുന്നേരം 5.15-നാണ്. ഇതുമൂലം ആര്യങ്കാവ്, തെന്മല, പുനലൂർ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിലെ യാത്രക്കാർക്ക് ജില്ലാ ആസ്ഥാനമായ കൊല്ലത്തേക്ക് എത്തിച്ചേരാൻ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
രാവിലെ കൊല്ലത്തുനിന്ന് പുനലൂരിലേക്ക് ട്രെയിൻ സർവീസ് ഉണ്ടെങ്കിലും അതിനുശേഷമുള്ള സർവീസ് ഉച്ചയ്ക്ക് 12 മണിയോടെയാണ്. നിലവിലെ സമയക്രമം യാത്രക്കാരുടെ ദൈനംദിന ആവശ്യങ്ങൾക്ക് പര്യാപ്തമല്ല. കൊല്ലം–ചെങ്കോട്ട പാതയിൽ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഉൾപ്പെടെ യാത്രക്കാരുടെ ആവശ്യത്തിന് അനുയോജ്യമായി ദിവസവും മൂന്നോ നാലോ പാസഞ്ചർ അല്ലെങ്കിൽ മെമു സർവീസുകൾ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.
കൊല്ലം–ചെങ്കോട്ട പാസഞ്ചർ സർവീസ് ആരംഭിച്ചാൽ ആര്യങ്കാവ്, തെന്മല, ഇടമൺ, പുനലൂർ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൊല്ലത്തേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും. സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ദിവസേന ജില്ലാ ആസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന അനേകം ആളുകളുണ്ട്. സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ പ്രധാന ആശ്രയമാണ് ഈ റെയിൽപാത.
റോഡ് മാർഗമുള്ള യാത്രയ്ക്ക് കൂടുതൽ സമയവും പണവും ചെലവാകുന്നതിനാൽ തൊഴിലാളികൾ, വിദ്യാർഥികൾ, രോഗികൾ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവരാണ് ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത്. യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടും ആവശ്യത്തിന് അനുസരിച്ചുള്ള ട്രെയിൻ സർവീസുകൾ ലഭ്യമാക്കാത്തത് നീതീകരിക്കാനാവില്ലെന്നും അഡ്വ. ദിലീപ് പി. പിള്ള ചൂണ്ടിക്കാട്ടി.
കൊല്ലം–പുനലൂർ–ചെങ്കോട്ട പാതയിലെ നിലവിലുള്ള ട്രെയിനുകളുടെ സമയക്രമം പുനഃപരിശോധിക്കുകയും യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പുതിയ പാസഞ്ചർ അല്ലെങ്കിൽ മെമു സർവീസുകൾ ആരംഭിക്കുകയും വേണം. ഈ ജനകീയ ആവശ്യം കേന്ദ്രസർക്കാരും റെയിൽവേ മന്ത്രാലയവും അടിയന്തരമായി പരിഗണിച്ച് ശാശ്വതമായ പരിഹാരം ഉറപ്പാക്കണമെന്ന് രാഷ്ട്രവാദി ജനതാ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ദിലീപ് പി. പിള്ള ആവശ്യപ്പെട്ടു.
കേരള സംസ്ഥാന ഘടകം നടത്തുന്ന ഈ ജനകീയ ഇടപെടലിന് രാഷ്ട്രവാദി ജനതാ പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി ഷാജി ജേക്കബ് അറിയിച്ചു. യാത്രക്കാരുടെ ന്യായമായ ആവശ്യം നേടിയെടുക്കുന്നതുവരെ പാർട്ടി ജനാധിപത്യപരമായ ഇടപെടലുകളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.





.jpg)





0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മോർണിംഗ് ന്യൂസ് ഡെയ്ലിയുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.