
നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) യാത്രക്കാരുടെ സേവനവും സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റോ lബോട്ടുകൾ എത്തുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി ഡൊമസ്റ്റിക് സെക്യൂരിറ്റി ഹോൾഡ് ഏരിയയിലുള്ള കലാ മ്യൂസിയമായ 'കലാങ്കണത്തിൽ' ഒരു റോബോട്ട്പ്രവർത്തനം ആരംഭിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് ഉദ്ഘാടനം നിർവ്വഹിച്ചു. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് മികച്ച സാങ്കേതികാനുഭവവും തത്സമയ സഹായങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിയാൽ ഈ റോബോട്ടിനെ സജ്ജീകരിച്ചിരിക്കുന്നത്.
യാത്രക്കാരെ സ്വാഗതം ചെയ്യുക, വഴിനിർദ്ദേശങ്ങൾ നൽകുക, കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളുടെ വിവരങ്ങൾ തത്സമയം ലഭ്യമാക്കുക, ബോർഡിംഗ് ഗേറ്റുകളിലേക്കും മറ്റ് വിമാനത്താവള സൗകര്യങ്ങളിലേക്കും വഴികാട്ടുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകൾ. യാത്രയ്‌ക്കിടയിൽ സംശയങ്ങൾ ദുരീകരിക്കുന്നതിനും വിവരങ്ങൾ അറിയുന്നതിനുമായി യാത്രക്കാർക്ക് റോബോട്ടുമായി നേരിട്ട് സംവദിക്കാനും സാധിക്കും.
സാങ്കേതിക സഹായങ്ങൾക്ക് പുറമെ കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമമായും ഈ റോബോട്ട് പ്രവർത്തിക്കുന്നു. നിലവിൽ 'കലാങ്കണത്തിൽ' വിന്യസിചിട്ടുള്ള റോബോട്ട്, കഥകളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളീയ കലാരൂപങ്ങളെക്കുറിച്ചും അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ശില്പങ്ങളെക്കുറിച്ചും കലാസൃഷ്ടികളെക്കുറിച്ചും യാത്രക്കാർക്ക് വിവരങ്ങൾ നൽകും. ഓരോ കലാരൂപങ്ങൾക്ക് അരികിലേയ്ക്ക് യാത്രക്കാരെ നയിക്കും.
കൂടാതെ, സിയാലിന്റെ വിവിധ സൗകര്യങ്ങൾ, സേവനങ്ങൾ, വിമാന സർവീസ് വിവരങ്ങൾ, ഗേറ്റ് നമ്പർ എന്നിവയെ കുറിച്ചു അറിയാനാകും.
റോബോട്ടിക് സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ അടുത്ത ഘട്ടമായി വിമാനത്താവളത്തിലെ ചെക്ക്-ഇൻ ഹാളിലും പാസഞ്ചർ അസിസ്റ്റൻസ് റോബോട്ടുകളെ നിയോഗിക്കും.ഇതിനുപുറമെ, ടെർമിനലിനുള്ളിൽ വിശ്രമിക്കുന്ന യാത്രക്കാർക്ക് ഭക്ഷണവും മറ്റ് ഉൽപ്പന്നങ്ങളും നേരിട്ടെത്തിച്ചു നൽകുന്ന ഡെലിവറി റോബോട്ടുകൾ അവതരിപ്പിക്കുന്നതിന്റെ സാധ്യതകളും സിയാൽ പരിശോധിച്ച് വരികയാണ്.
പുനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈനറ്റിക്സ് റോബോട്ടിക്സ് എന്ന സ്ഥാപനമാണ് സിയാലിനായി റോബോട്ട് നിർമ്മിച്ചത്.
എക്സിക്യൂട്ടീവ് ഡയറക് ടർ സന്തോഷ് പൂവാട്ടിൽ,കമേഴ്‌സ്യൽ മേധാവി മനോജ് പി.ജോസഫ് , കൈനറ്റിക് റോബോട്ട് പ്രതിനിധി ജിഗ്നേഷ് നായർതുടങ്ങിയവർ പങ്കെടുത്തു.




.jpg)






0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മോർണിംഗ് ന്യൂസ് ഡെയ്ലിയുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.