രോഗദുരിതത്തിനിടയിൽ ബൈജുവിന് തണലായി നാടിന്റെ കൂട്ടായ്മ; കടബാധ്യത തീർത്ത് പുതുഭവനം



 രോഗദുരിതത്തിനിടയിൽ ബൈജുവിന് തണലായി നാടിന്റെ കൂട്ടായ്മ; കടബാധ്യത തീർത്ത് പുതുഭവനം


വാഴക്കുളം: ഗുരുതര ആരോഗ്യപ്രശ്നങ്ങളാൽ ദുരിതമനുഭവിക്കുന്ന തെക്കേ വാഴക്കുളം  കൈതപ്പാറ കറപ്പന്റെ മകൻ ബൈജുവിനും കുടുംബത്തിനും കുവൈറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ സാമ്പത്തിക സഹായത്തോടെ നിർമിച്ച ഭവനത്തിന്റെ താക്കോൽദാനം നടന്നു. അങ്കമാലി മേഖല മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മോർ അന്ദിമോസ് മെത്രാപ്പോലീത്ത താക്കോൽ കൈമാറി.

കഴിഞ്ഞ മൂന്നര വർഷമായി ഗുരുതര വൃക്കരോഗത്തെ തുടർന്ന് ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യേണ്ടിവരുന്നയാളാണ് ബൈജു. രണ്ട് തവണ ഹൃദയാഘാതത്തെ അതിജീവിച്ച ബൈജു ബ്രെയിൻ ട്യൂമർ രോഗബാധിതനുമാണ്. ഭാര്യയും 17 വയസ്സുള്ള മകളും 12 വയസ്സുള്ള മകനുമടങ്ങുന്ന കുടുംബം ഏറെ ദുരിതപൂർണമായ സാഹചര്യത്തിലാണ് കഴിഞ്ഞിരുന്നത്. നിലവിൽ ചെറിയ ഷെഡിലായിരുന്നു കുടുംബത്തിന്റെ താമസം.

കുടുംബത്തിന്റെ ദുരവസ്ഥ പരിഗണിച്ച് കുവൈറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വീടിനായി സാമ്പത്തിക സഹായം അനുവദിക്കുകയായിരുന്നു. എന്നാൽ സ്ഥലത്തിന് വാഴക്കുളം സർവീസ് സഹകരണ ബാങ്കിലുണ്ടായിരുന്ന ഏകദേശം നാല് ലക്ഷം രൂപയുടെ ബാധ്യത തീർത്താൽ മാത്രമേ ഭവനനിർമാണം സാധ്യമാകുമായിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ സൗത്ത് വാഴക്കുളം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗങ്ങളും നാട്ടുകാരും ചേർന്ന് തുക സമാഹരിച്ച് കടബാധ്യത പൂർണമായും അടച്ചുതീർത്തു.

ബൈജുവിനും കുടുംബത്തിനും സുരക്ഷിതമായൊരു ഭവനം

ഒരുക്കുന്നതിനൊപ്പം കടബാധ്യതയിൽ നിന്ന് മോചനം നൽകാനും കഴിഞ്ഞത് നാടിന്റെ കൂട്ടായ്മയുടെ മാതൃകയായി.

ചടങ്ങിൽ വാഴക്കുളം പള്ളി ഇടവക വികാരി എൽദോസ് കറുത്തേടത്ത്, മുൻ വികാരി ഫാ. ഗ്രിഗർ കുര്യാക്കോസ്, ഫാ. എൽദോസ് വെള്ളിരിങ്ങ, ഡീക്കൻ എൽദോ സി.വി. ഉൾപ്പെടെയുള്ള സഭാ നേതാക്കളും കുവൈറ്റിൽ നിന്നുള്ള പള്ളി പ്രതിനിധികളും വാർഡ് മെമ്പർ കെ.ആർ. കൃഷ്ണകുമാറും ഇടവക അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

നിർമാണ കമ്മിറ്റി അംഗങ്ങളായ ലില്ലി ജോർജ് ഉറുമത്ത്, കെ.പി. എൽദോ കൈപ്ലങ്ങാട്ട്, ജോണി പോൾ വെള്ളരിങ്ങൽ, എം.കെ. ബേബി മഠത്തിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments